കോതമംഗലം: ആലുവ - മൂന്നാർ രാജപാത പുനർ നിർമാണം കോടതിനിർദേശങ്ങൾകൂടി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
ആലുവ – മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ സബ് മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഈ റോഡുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഹൈക്കോടതി നിർദേശപ്രകാരമുള്ള റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിന് ഹൈലെവൽ എക്സ്പേർട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. തഹസിൽദാർമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ ഉൾപ്പെട്ട സബ് ലെവൽ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോടതിനിർദേശംകൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കഴിയും.
വനംവകുപ്പുമായി ഉൾപ്പെടെ തുടർന്നു സംസാരിച്ച് ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതായി എംഎൽഎ അറിയിച്ചു.